നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് ഇനി എന്‍ഒസി ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ നേപ്പാളിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് പോകാനെത്തുന്ന ഇന്ത്യാക്കാര്‍ക്ക് എന്‍ഒസിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് നേരിട്ട വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നതുമൂലം നേപ്പാള്‍ വഴിയുള്ള സര്‍വീസുകളെയാണ് പ്രവാസികള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ എന്‍ഒസി വേണമെന്ന നിലപാട് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. പുതിയ തീരുമാനത്തിലൂടെ ഈ ദുരിതത്തിന് അറുതി വരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും, ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി വിമാന മാര്‍ഗ്ഗം എത്തുന്ന ഇന്ത്യക്കാര്‍ക്കാണ് എന്‍.ഒ.സി ഒഴിവാക്കിയത്.
പാസ്‌പോര്‍ട്ടില്ലാതെ മറ്റ് തിരിച്ചറിയല്‍ രേഖകളുമായി കരമാര്‍ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളിലെത്തുന്നവര്‍ക്ക് നേപ്പാളിലെ ഇന്ത്യന്‍ എംബസി അനുവദിക്കുന്ന എന്‍.ഒ.സി തുടര്‍ന്നും ആവശ്യമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആയിര കണക്കിന് പ്രവാസികള്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ സഹായകരമാകുമെന്ന് അദേഹം പറഞ്ഞു.