പ്രളയഫണ്ട് തട്ടിപ്പ്; ജനങ്ങൾക്ക് ലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; എസ്ഡിപിഐ

തിരുവനന്തപുരം: മുസ്ലീംലീഗിനെതിരെ വിമർശനവുമായി എസ്ഡിപിഐ. പ്രളയഫണ്ട് തിരിമറി വിവാദത്തെ തുടർന്ന് ജനങ്ങൾക്ക് മുസ്ലിം ലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് എസ്ഡിപിഐ വ്യക്തമാക്കി. 2018 ലെ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് വിതരണം ചെയ്യാനായി ലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ 11.5 ലക്ഷം രൂപ പ്രാദേശിക നേതാക്കൾ വകമാറ്റിയെന്ന വെളിപ്പെടുത്തലിനോടായിരുന്നു എസ്ഡിപിഐയുടെ പ്രതികരണം. അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണിതെന്ന് എസ്ഡിപിഐ പറഞ്ഞു.

പ്രളയ ഫണ്ട് തിരിമറി വിവാദത്തെ തുടർന്ന് ലീഗിന് പൊതുസമൂഹത്തിലുണ്ടായിരുന്ന അംഗീകാരം നഷ്ടമായി. സംസ്ഥാന കമ്മിറ്റി നൽകിയ 11 ലക്ഷം രൂപയിൽ ഏഴ് ലക്ഷവും പ്രാദേശിക നേതാക്കൾ സ്വന്തം ബന്ധുക്കൾക്കാണ് നൽകിയതെന്ന ആരോപണത്തിന് ലീഗ് മറുപടി നൽകേണ്ടതുണ്ടെന്നും എസ്ഡിപിഐ കൂട്ടിച്ചേർത്തു.

നേരത്തെ കത്വ പെൺകുട്ടിയുടെ കുടുംബത്തിന് നൽകാനായി സമാഹരിച്ച തുകയിൽ യൂത്ത് ലീഗ് തിരിമറി നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രളയ ഫണ്ട് തട്ടിപ്പ് കൂടി ആരോപിക്കപ്പെട്ടതോടെയാണ് ലീഗിനെതിരെ വിമർശനവുമായി എസ്ഡിപിഐ രംഗത്തെത്തിയത്.