കോവിഡ് വാക്‌സിന്‍ നിര്‍മാണം : ചര്‍ച്ചകള്‍ക്ക് നിയോഗിച്ച സംഘം ഇന്ന് കരട് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ചകള്‍ക്ക് നിയോഗിച്ച സംഘം ഇന്ന് സംസ്ഥാന സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കും. പത്ത് വാക്‌സിന്‍ കമ്പനികളാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. പ്രൊജക്ട് ഡയറക്ടര്‍ എസ് ചിത്രയാണ് റിപ്പോര്‍ട്ട് നല്‍കുക. വാക്‌സിന്‍ നിര്‍മാണത്തില്‍ നിന്ന് കമ്പനികള്‍ക്ക് വലിയ ലാഭം കിട്ടില്ല, അതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നുമാണ് കമ്പനികളുടെ ആവശ്യം.

തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണം ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. താത്പര്യ പത്രം സമര്‍പ്പിക്കുന്നതിന് പിന്നാലെ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ സുധീര്‍, കൊവിഡ് വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ബി ഇക്ബാല്‍, ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ വിജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.