മരം മുറി സംഭവത്തില്‍ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന രീതിയാണെന്ന് കെ.ബാബു

കൊച്ചി: മരം മുറി സംഭവത്തില്‍ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന രീതിയാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം.എല്‍.എ

ബാബുവിന്റെ വാക്കുകള്‍ –

മരം കൂട്ടത്തോടെ കട്ടവരെ പിടിക്കാതെ ഇതു സംബന്ധിച്ച രേഖകള്‍ വിവരവകാശ നിയമപ്രകാരം നല്‍കിയ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത് ഇതിന് ഉദാഹരണമാണ്.
ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്ന് മുറവിളികൂട്ടുന്ന മുഖ്യമന്ത്രിയ്ക്കും കൂട്ടര്‍ക്കും ഇക്കാര്യത്തില്‍ അത് ബാധകമായില്ല. ഉന്നതരുടെ അറിവോടെ നടന്ന കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തില്‍ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാരിന് ഈ നട്ടെല്ല് പോരെന്ന് ഇനിയെങ്കിലും മനസിലാക്കണം. സത്യം പുറത്തുവന്നാല്‍ നാടു ഭരിക്കുന്നവര്‍ കാട്ടു കള്ളമാരായി മാറും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ നിരീക്ഷിക്കുമ്പോള്‍ ‘ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞ് നാറുന്നു’ എന്ന് തോന്നുന്നത് സ്വാഭാവികമെന്നും അദ്ദേഹം പരിഹസിച്ചു.
മരംമുറി സംഭവത്തില്‍ വിവരാവകാശ നിയമപ്രകാരം വിവരം നല്‍കിയ ഉദ്യോഗസ്ഥയ്‌ക്കെതരെ നടപടി സ്വീകരിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൊതുസമൂഹത്തോട് പറയാന്‍ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തയ്യാറാകണം.
റവന്യൂ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന അണ്ടര്‍ സെക്രട്ടറി വിവരങ്ങള്‍ നല്‍കിയത് രാജ്യത്ത് നിലവിലുള്ള നിയമ പ്രകാരം പൊതുജനങ്ങള്‍ അറിയേണ്ട കാര്യമാണ്. മരം മുറി ഫയല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കില്‍ സര്‍ക്കാര്‍ അത് പറയണം.
ജോലിയില്‍ മികവുപുലര്‍ത്തിയതിന് ഗുഡ് സര്‍വീസ് എന്‍ട്രി നേടിയ ഉദ്യോഗസ്ഥയെ ബലിയാടാക്കിയ നടപടി സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരും മൗനം പാലിക്കുന്നു. കള്ളം കൈയോടെ പിടിച്ചപ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണം.