മരക്കാര്‍ ഒടിടി റിലീസിനെത്തുന്നത് ചിന്തിച്ചിട്ടുപോലുമില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍ നായകവേഷത്തില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. കോവിഡ് തരംഗത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ചിത്രം ഒടിടി റിലീസാക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍:

നമ്മുടെ ഒരു നിശ്ചയം മാത്രമാണ് മരക്കാര്‍ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്നത്.അതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും. മരക്കാര്‍ ഒടിടിയ്ക്ക് നല്‍കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷെ അനശ്ചിതത്വത്തിലേക്ക് പോയാല്‍ എന്ത് ചെയ്യണമെന്ന ഒരു ശൂന്യത മുന്നിലുണ്ട്. ഫുള്‍ പൈസ ഒടിടിയിലൂടെ കിട്ടുമോ ഇല്ലയോ എന്നതല്ല. ഇതുപോലെ ഇത്രയും ബജറ്റില്‍ മലയാളത്തില്‍ ആദ്യമായാണ് ഉണ്ടായിരിക്കുന്നത്. ആ സിനിമയുടെ പൂര്‍ണത എന്നത് വലിയ സ്‌ക്രീനില്‍ ഇരുന്ന് കാണുകയെന്നതാണ്. ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല ഒടിടിയെക്കുറിച്ച്. ഓണത്തിന് പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത തവണ നോക്കും. 18 മാസത്തോളമായി ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. ഇത്തവണ ചിത്രം മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെ 600ല്‍ അധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാന്‍ ആണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് തീയതി മോഹന്‍ലാല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.