വിവിധോദ്ദേശ ഹെലികോപ്ടറുകളിലെ ആദ്യ രണ്ടെണ്ണം അമേരിക്കന്‍ നാവിക സേന ഇന്ത്യക്ക് കൈമാറി

ന്യൂഡല്‍ഹി: എം എച്ച് 60 ആര്‍ വിവിധോദ്ദേശ ഹെലികോപ്ടറുകളിലെ ആദ്യ രണ്ടെണ്ണം അമേരിക്കന്‍ നാവിക സേന ഇന്ത്യക്ക് കൈമാറി. ഇത്തരത്തിലുള്ള 24 ഹെലികോപ്ടറുകളാണ് ഇന്ത്യ അമേരിക്കയുടെ പക്കല്‍ നിന്നും വാങ്ങുന്നത്. ഹെലികോപ്ടറുകളുടെ മൊത്തം വില 240 കോടി അമേരിക്കന്‍ ഡോളറാണ്. അമേരിക്കയിലെ സാന്‍ ഡിയാഗോയിലെ നാവികകേന്ദ്രത്തില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ ഇന്ത്യയുടെ യു എസ് അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു പങ്കെടുത്തു.

അമേരിക്കന്‍ നേവല്‍ എയര്‍ ഫോഴ്‌സിന്റെ വൈസ് അഡ്മിറല്‍ കെന്നത്ത് വിറ്റ്‌സെലും ഇന്ത്യന്‍ നാവിക സേനയുടെ വൈസ് അഡ്മിറല്‍ രവ്ണീത് സിംഗും തമ്മില്‍ രേഖകളും കൈമാറി. ഈ കച്ചവടത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ പുതിയ തലങ്ങളിലേക്ക് കടന്നുവെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകദേശം 2000 കോടി ഡോളറിന്റെ കച്ചവടം ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഇതിനോടകം നടത്തികഴിഞ്ഞുവെന്നും അംബാസിഡര്‍ തരണ്‍ജിത്ത് സന്ധു പറഞ്ഞു.