ജി-20 ഉച്ചകോടി: ശ്രീനഗര്‍ ആതിഥേയത്വം വഹിക്കും

ശ്രീനഗര്‍: ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയ്ക്ക് കീഴില്‍ യൂത്ത്-20, സിവില്‍-20 യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ശ്രീനഗര്‍. കാശ്മീര്‍ സര്‍വകലാശാലയിലാണ് യൂത്ത്-20, സിവില്‍-20 യോഗങ്ങള്‍ നടക്കുക.

സമാധാനത്തിനായുളള അനുരഞ്ജനവും, ആരോഗ്യം, ക്ഷേമം, കായികം, ജനാധിപത്യത്തിലും ഭരണത്തിലും യുവാക്കളുടെ പങ്കാളിത്തം എന്നിങ്ങനെ വിഷയങ്ങള്‍ യൂത്ത്-20 ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. സി-20 പരിപാടികള്‍ക്ക് ശേഷം കാശ്മീര്‍ സര്‍വകലാശാലയില്‍ വൈ-20 പ്രോഗ്രാമുകള്‍ നടക്കും. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയില്‍ രാജ്യത്തിന് ഉണ്ടായ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവര്‍ക്ക്, മാതൃകയാക്കാവുന്നതാണെന്നും ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പരിപാടികള്‍ നടക്കുക. വിവിധ സെമിനാറുകള്‍ നടത്താന്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജി 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കശ്മീരില്‍ നടക്കുന്ന വൈ 20 പരിപാടിയില്‍ പങ്കെടുക്കും.

അതേസമയം, ‘ലിംഗ സമത്വവും വൈകല്യവും’ എന്ന വിഷയത്തില്‍ കാശ്മീര്‍ സര്‍വകലാശാലയില്‍ നേരത്തെ സി-20 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടന്നിരുന്നു. കശ്മിര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ നിലോഫര്‍ ഖാനാണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്.