ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്: ഓഹരി വിപണികളിലുണ്ടായ തകര്‍ച്ച പരിശോധിക്കാന്‍ സമിതി

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓഹരി വിപണികളിലുണ്ടായ തകര്‍ച്ച പരിശോധിക്കാന്‍ നേരിട്ട് സമിതിയെ വെക്കുമെന്ന് സുപ്രീംകോടതി. സമിതിയെ കുറിച്ച് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മുദ്രവച്ച കവറില്‍ രഹസ്യരേഖയായി സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ സുപ്രീംകോടതി തള്ളുകയായിരുന്നു.

വിഷയത്തില്‍ സമഗ്രമായ പഠനം വേണമെന്നും സത്യം പുറത്ത് വരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സമിതിയുടെ അധ്യക്ഷന്‍ അടക്കം കാര്യങ്ങള്‍ കോടതിക്ക് വിടുന്നതായും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. രഹസ്യരേഖയായി കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ എതിര്‍ ഭാഗത്തെ വിശ്വാസത്തിലെടുക്കാതെയാകുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, നടപടികള്‍ സുതാര്യമാകണമെന്ന് പറഞ്ഞാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന് മേല്‍ എന്ത് അന്വേഷണത്തിനും തയ്യാറെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി. എന്നാല്‍, സുപ്രീം കോടതി സിറ്റിംഗ് ജഡ്ജി നേരിട്ട് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കോടതിയുടെ തിരക്കുകള്‍ കാരണം സിറ്റിംഗ് ജഡ്ജിയെ വെക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.