ഭൂ രേഖകളില്‍ മാറ്റം വേണമെന്ന കേരള ലോകായുക്ത ഉത്തരവ് ശരിവേണമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേ

ന്യൂഡല്‍ഹി: റവന്യു ഭൂ രേഖകളില്‍ മാറ്റം വരുത്തി നികുതി സ്വീകരിക്കണമെന്ന കേരള ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഭൂ രേഖകളില്‍ മാറ്റം വരുത്തി നികുതി സ്വീകരിക്കണമെന്ന ഉത്തരവിടാനുള്ള അധികാരം ലോകായുക്തയ്ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു.

അതേസമയം, തിരുവനന്തപുരം വര്‍ക്കല വില്ലേജിലുള്ള പുറമ്പോക്ക് ഭൂമിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ഭൂമിയാണ് ഭൂ രേഖകളില്‍ മാറ്റം വരുത്തിയ ശേഷം നികുതി സ്വീകരിക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചത്. റീ സര്‍വേ രേഖകള്‍ അടിസ്ഥാനമാക്കിയുള്ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. എന്നാല്‍, നിയമ പ്രകാരം ലോകായുക്തക്ക് ഇത്തരത്തിലൊരു ഉത്തരവിറക്കാന്‍ അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാനുളള അധികാരം മാത്രമാണ് ലോകായുക്തയ്ക്കുള്ളതെന്നും ഗവര്‍ണര്‍ക്ക് കൈമാറുന്ന ശുപാര്‍ശ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനുള്ള അധികാരം പോലും ലോകായുക്തയ്ക്കില്ലെന്നും കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസ് മാരായ വിക്രം നാഥ്, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് കേസിലെ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദാണ് സുപ്രീം കോടതിയില്‍ ഹാജരായത്.