അമേരിക്ക ശീതയുദ്ധത്തിനില്ല, ഖേദപ്രകടനം നടത്തില്ല: ജോ ബൈഡന്‍

വാഷിങ്ടണ്‍: ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. അമേരിക്ക ശീതയുദ്ധത്തിനില്ല. സംഭവത്തില്‍ ഖേദപ്രകടനം നടത്തില്ല. അമേരിക്കയുടെയും രാജ്യത്തെ ജനങ്ങളുടെയും താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിനു ശേഷം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ആദ്യ പ്രതികരണമാണിത്. ചാരബലൂണിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉറപ്പുനല്‍കിയ ബൈഡന്‍ ബലൂണ്‍ തകര്‍ത്ത ഫൈറ്റര്‍ പൈലറ്റുമാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

അതേസമയം, അമേരിക്കന്‍ ബലൂണുകള്‍ ചൈനീസ് അതിര്‍ത്തി ലംഘിച്ചിട്ടുണ്ടെന്ന ആരോപണം അമേരിക്ക നിഷേധിച്ചിരുന്നു. യുഎസ് സേന മിസൈലാക്രമണത്തിലൂടെയാണ് ചൈനീസ് ചാര ബലൂണ്‍ തകര്‍ത്തത്. യുഎസിന്റെ പരമാധികാരത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റമാണ് ചാരബലൂണിന്റെ വിന്യാസമെന്നും അതിനെതിരെയുള്ള യുക്തമായ പ്രതികരണമാണ് യുഎസ് നടത്തിയതെന്ന് സെക്രട്ടറി ഓഫ് ഡിഫന്‍സ് ലോയിഡ് ഓസ്റ്റിന്‍ ചൂണ്ടിക്കാട്ടി.

അതിനിടെ, ചൈനയുടെ തെക്കന്‍ തീരത്തെ ഹൈനാന്‍ പ്രവിശ്യയ്ക്ക് സമീപം ജപ്പാന്‍, ഇന്ത്യ, വിയറ്റ്‌നാം, തായ്വാന്‍, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ രാജ്യങ്ങളിലെ സൈനിക ആസ്തിയുള്‍പ്പടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചൈനീസ് ചാരബലൂണ്‍ ശേഖരിച്ചതായി ചൊവ്വാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസിലെ ഹവായി, ഫ്‌ളോറിഡ, ടെക്‌സസ്, ഗുവാം എന്നീ മേഖലകളില്‍ ഇത്തരത്തിലുള്ള നാലോളം ചാരബലൂണുകള്‍ സമീപവര്‍ഷങ്ങളില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.