ഉത്തരവ് ജീവനക്കാരെ സഹായിക്കാൻ; കെഎസ്ആർടിസിയിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള നീക്കത്തെ ന്യായീകരിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഉത്തരവ് ജീവനക്കാരെ സഹായിക്കാനാണെന്നും അല്ലാതെ ഉപദ്രവിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗഡുക്കളായി ശമ്പളം വേണോ വേണ്ടയോ എന്ന് ജീവനക്കാർക്ക് തീരുമാനിക്കാം. ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

ആർക്കും പ്രത്യേകിച്ച് ഒരു ദോഷവും ഉത്തരവുകൊണ്ട് ഉണ്ടാകുന്നില്ല. കാരണം ആവശ്യമുള്ളവർക്ക് അഞ്ചാംതീയതിയ്ക്ക് മുൻപ് ശമ്പളം പകുതിയെങ്കിലും വാങ്ങിക്കാം. ഒരുമിച്ച് വേണ്ടവർക്ക് ഗവൺമെന്റിന്റെ പണംകൂടി ലഭിച്ച ശേഷം ഒന്നിച്ച് കിട്ടും. ഇക്കാര്യത്തിൽ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരവിനെ എതിർക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് മനസിലാകുന്നില്ല. ഇതുകൊണ്ട് കുറച്ചുപേർക്ക് പ്രയോജനമല്ലേ ഉണ്ടാകുന്നത്. അതിനെ എതിർക്കേണ്ട കാര്യമുണ്ടോയെന്നും ഗതാഗതമന്ത്രി ചോദിക്കുന്നു. ശമ്പളവിതരണം ഗഡുക്കളാക്കാനുളള ഉത്തരവിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സി ഐ ടി യു പ്രവർത്തകർ എം ഡി ബിജുപ്രഭാകറിന്റെ കോലം കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കെ എസ് ആർ ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണമെന്നും ഗതാഗത മന്ത്രിയും സി എം ഡിയും നിലപാട് തിരുത്തണമെന്നും കെ എസ് ആർ ടി ഇ എ (സി ഐ ടി യു) ആവശ്യപ്പെട്ടു. ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെച്ചു.