കെടിയു വിസി സിസ തോമസിനെ മാറ്റാൻ നീക്കങ്ങളുമായി സർക്കാർ; പുതിയ വിസിയ്ക്കായി പട്ടിക തയ്യാറാക്കും

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി മുൻനിർത്തിയാണ് സർക്കാർ ഇതുസംബന്ധിച്ച നീക്കങ്ങൾ നടത്തുന്നത്.

പുതിയ താൽക്കാലിക വിസിയെ ശുപാർശ ചെയ്യാൻ സാധ്യതാ പട്ടിക തയാറാക്കും. തുടർന്ന് യുജിസി യോഗ്യതയുള്ളവരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്. സാങ്കേതിക സർവകലാശാലയിലെ വിസി ആരെന്ന് നിർദേശിക്കേണ്ടത് സർക്കാരാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയത്.

പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ താൽക്കാലിക നിയമനമാണ് സിസ തോമസിന്റേതെന്ന് നിരീക്ഷിച്ച കോടതി സർക്കാരിന് പുതിയ പാനൽ സമർപ്പിക്കാമെന്ന് അറിയിച്ചിരുന്നു. സിസ തോമസിനെ താൽകാലിക വിസിയായി ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.