നാലാം ക്ലാസ് പാഠപുസ്തകങ്ങളിലുള്ള പിഴവുകൾ എസ്‌സിഇആർടി പരിശോധിക്കും; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സിലബസിലെ നാലാം ക്ലാസ് പാഠപുസ്തകങ്ങളിലുള്ള പിഴവുകൾ എസ്‌സിഇആർടി പരിശോധിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പുസ്തകങ്ങൾ തയാറാക്കുന്ന സർക്കാർ ഏജൻസിയാണ് വിഷയത്തിൽ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് എസ്‌സിഇആർടി ഡയറക്ടർക്ക് നിർദ്ദേശം നൽകുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകത്തിലെ പിഴവുകൾ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി വിഷയത്തിൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയത്.

നാലാം ക്ലാസിലെ മലയാളം രണ്ടാം ഭാഗത്തിൽ മഹാകവി കുമാരനാശാൻ ജനിച്ചത് 1871 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കുമാരനാശാൻ ജനിച്ചത് 1873 ൽ ആണ്. 2019ൽ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിനെ 2 കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയെങ്കിലും പുസ്തകത്തിൽ ഇപ്പോഴും ഇത് ഒറ്റ സംസ്ഥാനമാണ്. ഭൂപടവും പഴയത് തന്നെയാണ്. ഇതിന് പുറമെ 2016ൽ കേന്ദ്രസർക്കാർ പിൻവലിച്ച 1000 രൂപ നോട്ട് ഇപ്പോഴും പ്രചാരത്തിലുള്ള കറൻസിയായും പുസ്തകത്തിൽ പറയുന്നു.

2025 മുതലാണ് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം അനുസരിച്ച് നാലാം ക്ലാസിൽ പുതിയ പുസ്തകങ്ങൾ നിലവിൽ വരുന്നത്. അതിനു മുൻപേ ഈ പിഴവുകൾ തിരുത്താൻ തീരുമാനിച്ചിട്ടുണ്ട്.