സൈബി ജോസ് കിടങ്ങൂരിനെതിരേ വഞ്ചനാ കുറ്റത്തിന് കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരേ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബി ജോസിനെതിരെ അന്വേഷണം നടത്തുന്നത്.

അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 (വഞ്ചനാക്കുറ്റം) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രത്യേക സംഘത്തിനാണ് കേസ് അന്വേഷണ ചുമതല. വിവരം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകുകയും ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടിരുന്നു. ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി. കെഎസ് സുദർശൻ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ ദർവേഷ് സാഹിബ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ എ.എസ്. ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്.ഐമാരായ കലേഷ് കുമാർ, ജോഷി സി. എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ്.ഐമാരായ എസ്. അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.

എന്നാൽ, തനിക്കെതിരേ ഉയർന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയാണെന്നും വ്യക്തിവിദ്വേഷമാണെന്നുമാണ് സൈബി ജോസ് വ്യക്തമാക്കുന്നത്. സൈബി ജോസ് കിടങ്ങൂരിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് കൈമാറിയിരുന്നു. ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് കൈമാറിയത്. പ്രത്യേക ദൂതൻ വഴിയാണ് അദ്ദേഹം ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ആരോപണം ഗൗരവമുള്ളതാണെന്നാണ് പ്രാഥമിക പരിശോധനയിൽ കാണുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഭിഭാഷകർ ഉൾപ്പെടെ 14 പേരുടെ മൊഴികളും രേഖകളും ഉൾപ്പെടെയാണ് കമ്മീഷണർ റിപ്പോർട്ട് തയ്യാറാക്കിയത്.