സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി; പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും നന്ദിയെന്ന് കാപ്പന്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം അനുവദിച്ചതോടെ 27 മാസത്തെ ജയില്‍വാസത്തിന് ശേഷം മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. ലക്‌നൗ ജയില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും നന്ദി പറഞ്ഞു.

‘പല സഹോദരന്‍മാരും കള്ളക്കേസില്‍ കുടുങ്ങി ജയില്‍ കഴിയുന്നുണ്ട്. അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂര്‍ണമായി നടപ്പിലായെന്ന് പറയാന്‍ കഴിയില്ല. എനിക്കൊപ്പം ജയിലിലായവര്‍ക്കും ഇപ്പോഴും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആ നിലയില്‍ നീതി നടപ്പായെന്ന് പറയാനാകില്ല’- അദ്ദേഹം വ്യക്തമാക്കി. ലക്‌നൗ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ ആറ് ആഴ്ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.

അതേസമയം, റിപ്പോര്‍ട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗില്‍ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.