47 ലക്ഷം യുവാക്കൾക്ക് സ്‌റ്റൈപ്പൻഡോട് കൂടി തൊഴിൽ പരിശീലനം; യുവകർഷകരുടെ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കും

ന്യൂഡൽഹി: 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്‌റ്റൈപ്പൻഡോട് കൂടി തൊഴിൽ പരിശീലനം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം നടത്തി ധനമന്ത്രി നിർമ്മലാ സീതാരാമൻ. യുവകർഷകരുടെ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക ഫണ്ടും ബജറ്റിൽ പ്രഖ്യാപിച്ചു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും. യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യമുള്ളവരാക്കാൻ വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി അനുവദിച്ചു. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറയ്ക്കും. ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്‌കൂളുകൾ സ്ഥാപിക്കും. 157 പുതിയ നഴ്‌സിംഗ് കോളേജുകൾ ആരംഭിക്കും. കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്നും ഇതിനായി സംസ്ഥാനങ്ങൾക്ക് പോത്സാഹനം നൽകും.

പ്രതിരോധ വകുപ്പിന് 5.94 ലക്ഷം കോടിയും പൊതുഗതാഗത വകുപ്പിന് 2.70 ലക്ഷം കോടിയും റെയിൽവേ വകുപ്പിന് 2.41 ലക്ഷം കോടിയും ഭക്ഷ്യ പൊതുവിതരണ വകുപ്പിന് 2.06 ലക്ഷം കോടിയും ആഭ്യന്തര വകുപ്പിന് 1.96 ലക്ഷം കോടിയും രാസവള വകുപ്പിന് 1.78 ലക്ഷം കോടിയും ഗ്രാമ വികസന വകുപ്പിന് 1.60 ലക്ഷം കോടിയും കൃഷി വകുപ്പിന് 1.25 ലക്ഷം കോടിയും വാർത്താവിനിമയ വകുപ്പിന് 1.23 ലക്ഷം കോടിയും അനുവദിച്ചു.