ഇസ്രയേലിലും ഇന്ത്യയിലും സംഭവിക്കാത്തതാണ് പാകിസ്താനില്‍ സംഭവിക്കുന്നത്: പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: പെഷാവറില്‍ പള്ളിയില്‍ തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്റെ ചാവേറാക്രമണത്തില്‍ പ്രതികരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. ഇന്ത്യയില്‍ നമസ്‌കാരത്തിനിടെ വിശ്വാസികള്‍ കൊല്ലപ്പെടുന്നില്ലെന്നും, ഇസ്രയേലിലും ഇന്ത്യയിലും സംഭവിക്കാത്തതാണ് പാകിസ്താനില്‍ സംഭവിക്കുന്നതെന്നും മന്ത്രി ദേശീയ അസംബ്ലിയില്‍ പറഞ്ഞു.

‘പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭരണകാലത്ത് സ്വാത് താഴ്വരയില്‍ നിന്നാണ് ഈ യുദ്ധം ആരംഭിച്ചത്. പാക്‌സ്താന്‍ മുസ്ലിം ലീഗിന്റെ കഴിഞ്ഞ ഭരണകാലത്ത് ശമനമുണ്ടായിരുന്നു. അന്ന് കറാച്ചി മുതല്‍ സ്വാത് വരെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയവര്‍ പാകിസ്താനിലുള്ള വളരെയധികം പേര്‍ക്ക് ജോലി നഷ്ടമായി. സ്വാതിലുള്ളവരുടെ പ്രതിഷേധം ഇതിന്റെ ആദ്യ സൂചനയായിരുന്നു. തീവ്രവാദത്തിനുള്ള വിത്തുകള്‍ നമ്മള്‍ തന്നെ വിതയ്ക്കുകയായിരുന്നു’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) പെഷാവര്‍ നഗരത്തിലുള്ള പള്ളിയില്‍ തിങ്കളാഴ്ച നടത്തിയ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. മരിച്ചവരില്‍ ഭൂരിഭാഗവും പോലീസുകാരാണ്. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.