സിപിഎം മൊഴി അട്ടിമറിച്ചത് ബിജെപിയുടെ സമ്മർദ്ദത്തിനു വഴങ്ങി; ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ സിപിഐ നേതൃത്വം തയാറാകണമെന്ന് കെ സുധാകരൻ

കോട്ടയത്ത് പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കേരള കോൺഗ്രസിനു വഴങ്ങിയ സിപിഎമ്മാണ് സിപിഐയെ തള്ളിപ്പറഞ്ഞത്. തുടർച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിനെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സിപിഐ നേതാവ് ഇ ചന്ദ്രശേഖരനെ ബിജെപി പ്രവർത്തകർക്കു വേണ്ടി തള്ളിപ്പറഞ്ഞതിനു പിന്നിൽ സിപിഎം ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട് തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെയാണ് 2016ൽ അദ്ദേഹത്തെ ആർഎസ്എസ്, ബിജെപി പ്രവർത്തകർ ആക്രമിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗവും മറ്റൊരു ലോക്കൽ കമ്മിറ്റി അംഗവും പൊലീസിന് ഒപ്പിട്ടു നൽകിയ മൊഴികളിൽ ബിജെപി പ്രവർത്തകരുടെ പേരുൾപ്പടെ പറഞ്ഞിരുന്നു. എന്നാൽ സിപിഎം മൊഴി അട്ടിമറിച്ചത് ബിജെപിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ആർഎസ്എസിന്റെ സംരക്ഷകർ സിപിഎമ്മാണ്. അതിനാലാണ് എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ നേതാവ് ഇ ചന്ദ്രശേഖരനെ ആക്രമിച്ച ബിജെപിക്കും ആർഎസ്എസിനും വേണ്ടി മുന്നണി മര്യാദപോലും പാലിക്കാതെ സിപിഎം നേതാക്കൾ കോടതിയിൽ കൂറുമാറിയത്. സിപിഎമ്മും ആർഎസ്എസും പരസ്പര സഹായ സഹകരണ സംഘങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത് എന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ കൂറുമാറ്റം. സംഘപരിവാരങ്ങൾക്കു വിടുപണി ചെയ്യുന്ന സിപിഎം ന്യൂനപക്ഷരക്ഷാ കവചം സ്വയം ചാർത്തി അവരെ തുടർച്ചയായി വഞ്ചിക്കുകയാണെന്നും കെ സുധാകരൻ വിമർശിച്ചു.