സംസ്ഥാന വികസനത്തിന് സില്‍വര്‍ ലൈന്‍ പദ്ധതി അനിവാര്യം; മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് സില്‍വര്‍ ലൈന്‍ പദ്ധതി അനിവാര്യമെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ നിബന്ധനകള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിര്‍പ്പും പരിഹരിക്കും. 50 വര്‍ഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയില്‍ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കെ റെയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പത് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും കെ റെയില്‍ അറിയിച്ചു.