കെ.ബി ഗണേഷ്‌കുമാറിന്റെ വിമര്‍ശനം; പരസ്യമായി മറുപടി പറയേണ്ട കാര്യമില്ലെന്ന് ഇടതുമുന്നണി വിലയിരുത്തല്‍

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിനെതിരെയുള്ള ഘടകകക്ഷി നേതാവ് കെ.ബി. ഗണേഷ്‌കുമാറിന്റെ വിമര്‍ശനത്തില്‍ പരസ്യമായി മറുപടി പറയേണ്ട കാര്യമില്ലെന്ന് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്നണി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചാല്‍ അപ്പോള്‍ മറുപടി നല്‍കും.

സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്നും എം.എല്‍.എ.മാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നുമായിരുന്നു ഗണേഷ്‌കുമാറിന്റെ വിമര്‍ശനം. ഇതു തന്നെ കേരള കോണ്‍ഗ്രസ്(ബി.) നേതൃയോഗത്തിനു ശേഷം പത്രസമ്മേളനത്തിലും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, മന്ത്രിസ്ഥാനം മനസ്സില്‍വെച്ച് അതിനുള്ള സാഹചര്യമൊരുക്കുന്നതിന് ഗണേഷ് പയറ്റുന്ന തന്ത്രമായാണ് വിമര്‍ശനത്തെ മുന്നണി കാണുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനാധിപത്യകേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ഐ.എന്‍.എല്ലിനെ പ്രതിനിധീകരിച്ച് അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായി. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ഗണേഷ്‌കുമാറും കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പിള്ളിയും മന്ത്രിമാരാകുമെന്നാണ് ധാരണ.

അതേസമയം, യു.ഡി.എഫ്. ക്യാമ്പ് ലക്ഷ്യംവെച്ചാണ് ഗണേഷിന്റെ നീക്കങ്ങളെന്ന വ്യാഖ്യാനം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, സോളാര്‍ കേസിലും മറ്റും ഗണേഷിന്റെ നിലപാടുകളോട് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ കേരള കോണ്‍ഗ്രസ് (ബി)യെ മടക്കികൊണ്ടുവരുന്നതിനോട് അവര്‍ക്ക് വല്യ താത്പര്യമില്ല. രണ്ടാം പിണറായിസര്‍ക്കാരില്‍ ആദ്യതവണയായിത്തന്നെ ഗണേഷ്‌കുമാറിനെ പരിഗണിച്ചെങ്കിലും കുടുംബപ്രശ്‌നങ്ങളുയര്‍ത്തി സഹോദരി ഇടതുമുന്നണി നേതൃത്വത്തെ സമീപിച്ചതോടെ ആന്റണി രാജുവിന് ആദ്യ നറുക്കുവീഴുകയായിരുന്നു.