കള്ളക്കടത്ത്; കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസുദ്യോഗസ്ഥരുടെ പേരില്‍ സി.ബി.ഐ കുറ്റപത്രം

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസുദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കള്ളക്കടത്തിന് കൂട്ടുനിന്ന 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരില്‍ സി.ബി.ഐ എറണാകുളം കോടതിയില്‍ കുറ്റപത്രം നല്‍കി. ഉദ്യോഗസ്ഥരും കാസര്‍കോട് സ്വദേശികളായ 17 പേരടങ്ങുന്ന കള്ളക്കടത്തു സംഘവുമുള്‍പ്പെടെ 30 പേര്‍ക്കെതിരേയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്.

കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.എം. ജോസ്, ഇ. ഗണപതി പോറ്റി, സത്യമേന്ദ്ര സിങ്, എസ്. ആശ, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ യാസര്‍ അറാഫത്ത്, നരേഷ്, സുധീര്‍കുമാര്‍, വി.സി. മിനിമോള്‍, സഞ്ജീവ് കുമാര്‍, യോഗേഷ്, കസ്റ്റംസ് ഹെഡ് ഹവില്‍ദാര്‍മാരായ സി. അശോകന്‍, പി.എം ഫ്രാന്‍സിസ്, കരിപ്പൂര്‍ വിമാനത്താവളം സബ് സ്റ്റാഫ് ആയ കെ. മണി എന്നീ ഉദ്യോഗസ്ഥരാണ് പ്രതികള്‍. സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍ എന്‍.ആര്‍. സുരേഷ്‌കുമാര്‍ ആണ് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിട്ടുള്ളത്.

2021 ജനുവരിയിലാണ് സി.ബി.ഐ. കൊച്ചി സംഘവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് മിന്നല്‍ റെയ്ഡ് നടത്തിയത്. കള്ളക്കടത്തുകാര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി റെയ്ഡില്‍ ബോധ്യപ്പെട്ടു. കസ്റ്റംസ് പരിശോധന കഴിഞ്ഞ കള്ളക്കടത്തുകാരില്‍നിന്ന് 70 ലക്ഷം രൂപയിലേറെ വിദേശ കറന്‍സിയും ഇന്ത്യന്‍രൂപയും മറ്റ് വിദേശനിര്‍മിത വസ്തുക്കളും കണ്ടെടുത്തു. കുറ്റാരോപിതരായ കസ്റ്റംസുദ്യോഗസ്ഥരില്‍നിന്ന് 2.86 ലക്ഷം രൂപയും 6.28 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങളും കണ്ടെടുത്തതായി കുറ്റപത്രത്തില്‍ പറയുന്നു.