കുതിച്ചുയര്‍ന്ന് സെന്‍സെക്‌സ്; തിരിച്ചു പിടിച്ച് വിപണി സൂചികകള്‍

മുംബൈ: വ്യാപാരം ആരംഭിച്ച ആദ്യ 30 മിനിറ്റിനുള്ളില്‍ തന്നെ മികച്ച തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍. ബി എസ് ഇ സെന്‍സെക്‌സ് 900 പോയിന്റിനടുത്ത് ഉയരുകയും എന്‍ എസ് ഇ 17,700 കടക്കുകയും ചെയ്തു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടിഞ്ഞ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ച ആദ്യ വ്യാപാരത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നേരിട്ടു. മുന്‍നിരയിലുള്ള അദാനി എന്റര്‍പ്രൈസസ് 10 ശതമാനം ഉയര്‍ന്നു, അദാനി ഗ്രൂപ്പ് കമ്പനികളില്‍ നാലെണ്ണം ഉയര്‍ന്നു.

അതേസമയം, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നിവ രാവിലെ വ്യാപാരത്തില്‍ 17 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇയില്‍ അദാനി എന്റര്‍പ്രൈസസ് 10 ശതമാനം ഉയര്‍ന്ന് 3,038.35 രൂപയായും അദാനി പോര്‍ട്ട്‌സ്, പ്രത്യേക സാമ്പത്തിക മേഖലയും 10 ശതമാനം ഉയര്‍ന്ന് 658.45 രൂപയായും ഉയര്‍ന്നു. എന്നാല്‍, മറുഭാഗത്ത്, അദാനി പവര്‍ 5 ശതമാനം ഇടിഞ്ഞ് 235.65 രൂപയായും അദാനി ട്രാന്‍സ്മിഷന്‍ 13 ശതമാനം ഇടിഞ്ഞ് 1,746.70 രൂപയായും അദാനി ഗ്രീന്‍ എനര്‍ജി 11 ശതമാനം ഇടിഞ്ഞ് 1,320 രൂപയായും വ്യാപാരം നടക്കുന്നു.