മുസ്ലീങ്ങൾ രാജ്യത്ത് വെല്ലുവിളികൾ നേരിടാത്തതിന്റെ കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തി; സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: മുസ്ലീങ്ങൾ രാജ്യത്ത് വെല്ലുവിളികൾ നേരിടാത്തതിന്റെ കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. അത് നിലനിർത്താനാണ് ലീഗ് ഉൾപ്പെടെ പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യ അടക്കമുളള ഇസ്ലാമിക രാജ്യങ്ങളേക്കാൾ മതസ്വാതന്ത്ര്യമുളള രാജ്യമാണ് ഇന്ത്യയെന്ന സമസ്ത എപി വിഭാഗം സെക്രട്ടറി പൊൻമള അബ്ദുൾ ഖാദർ മുസ്ല്യാരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികൾ ഉണ്ടാകുന്നുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ലെന്നും ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നുമാണ് പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ പറഞ്ഞത്. ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണെന്നും സൗദി ഉൾപ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഇവിടുത്തെ സ്വാതന്ത്ര്യമില്ലെന്നും താഴെത്തട്ടുവരെ മതപ്രവർത്തന സ്വാതന്ത്യം മറ്റൊരു രാജ്യത്തുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ട് നടന്ന എസ് എസ് എഫ് സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം സംഘപരിവാർ ന്യൂനപക്ഷങ്ങളെ അടിമച്ചമർത്തുന്ന കാലത്ത് പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാരുടെ ഇത്തരം പ്രസ്താവനകൾ അവരെ സഹായിക്കാനാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. പ്രസ്താവന വിവാദമായതോടെ രാജ്യത്തിന് വേണ്ടിയുള്ള നിലപാടാണെന്നും സർക്കാർ അനുകൂല നിലപാടല്ലെന്നുമുള്ള വിശദീകരണവുമായി എസ് എസ് എഫ് രംഗത്തെത്തിയിരുന്നു.