ചതിയെ ദേശീയത കൊണ്ട് മറച്ചുപിടിക്കാനാകില്ല; അദാനിക്കെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം ഇന്ത്യക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണമാണെന്ന അദാനി ഗ്രൂപ്പിന്റെ മറുപടിക്ക് തിരിച്ച് മറുപടി നല്‍കി ഹിന്‍ഡന്‍ബര്‍ഗ്. ദേശീയത കൊണ്ടോ ആരോപണങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ കൊണ്ടോ ചെയ്ത ചതിയെ മറച്ചുപിടിക്കാനാകില്ലെന്നാണ് അദാനിക്കെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിക്കുന്നത്.

‘പ്രധാന്യമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് ആരോപണങ്ങള്‍ക്ക് ദേശീയതയുടെ മുഖം നല്‍കുകയാണ് അദാനി ചെയ്തത്. ഉന്നയിച്ച എല്ലാ പ്രധാന ആരോപണങ്ങളെയും അവഗണിക്കുന്ന പ്രതികരണമാണുണ്ടായത്. ഇതുകൊണ്ടൊന്നും വഞ്ചനയെ ഇല്ലാതാക്കി കാണിക്കാനാകില്ല. അദാനി ഗ്രൂപ്പിന്റെ പതനവും ഗൗതം അദാനിയുടെ സ്വത്തും ഇന്ത്യയുടെ തന്നെയാക്കി കാണിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ പതാകയില്‍ പൊതിഞ്ഞുനടക്കുന്ന അദാനി ഗ്രൂപ്പാണ് സത്യത്തില്‍ ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നത.് ലോകത്തെ ഏറ്റവും ധനികന്‍ ചെയ്താലും വഞ്ചന വഞ്ചന തന്നെയാണ്’- ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ നിയമങ്ങള്‍ മനസിലാക്കാതെ ദുരുദേശത്തോടെ തയാറാക്കിയ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗിന്റേതെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു. ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് 413 പേജുകളുള്ള വിശദമായ മറുപടിയാണ് അദാനി ഗ്രൂപ്പ് നല്‍കിയത്.