4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധം; ഹിൻഡൻബർഗ് റിസർച്ചിന് മറുപടിയുമായി അദാനി ഗ്രൂപ്പ്

മുംബൈ: ഹിൻഡൻബർഗ് റിസർച്ചിന് മറുപടിയുമായി അദാനി ഗ്രൂപ്പ്. ഓഹരി വിപണിയിലെ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടതിലാണ് അദാനി ഗ്രൂപ്പ് ഹിൻഡൻബർഗ് റിസർച്ചിന് മറുപടി നൽകിയത്. പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച് ഹിൻഡൻബർഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി അറിയിച്ചു. 413 പേജുള്ള മറുപടിയാണ് അദാനി ഗ്രൂപ്പ് നൽകിയിട്ടുള്ളത്.

ഹിൻഡൻ ബർഗ് റിസർച്ചിന്റെ 88 ചോദ്യങ്ങളിൽ 68 നും അതത് കമ്പനികൾ വാർഷിക റിപ്പോർട്ടിൽ ഉത്തരം പറഞ്ഞിട്ടുണ്ട് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ശേഷിക്കുന്നവയിൽ 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണ്. ചോദ്യങ്ങളിൽ 16 എണ്ണം ഷെയർ ഹോൾഡർമാരുടെ വരുമാനത്തേക്കുറിച്ചാണെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ല. ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിൻഡൻബർഗ് നടത്തിയതെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ അനുബന്ധ ഓഹരി വിൽപനയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അനുബന്ധ ഓഹരി വിൽപന കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഇഷ്യു ജനുവരി 31 വരെയാണ്.

അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു. ഏതു നടപടിയും നേരിടാൻ തയാറാണെന്ന് സ്ഥാപനം വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് വിശദമായ രേഖകളുടെ പിൻബലത്തിലാണ്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയത്.