രക്തസാക്ഷിത്വ ദിനം; മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർല, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവർ ഉൾപ്പെടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമർപ്പിച്ചു. മഹാത്മ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് നടപടി. ഗാന്ധിജിയുടെ ത്യാഗം ഒരുകാലത്തും രാജ്യത്തിനു മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച മഹത് വ്യക്തികളാണ് ഭാരതത്തിന്റെ അടിത്തറയ്ക്കും വികസനത്തിനും നാഴികക്കല്ല്. സ്വദേശീയതയുടെയും സ്വാശ്രയത്തിന്റെയും പാത പിന്തുടരാൻ ഭാരതീയരെ പ്രചോദിപ്പിച്ച ബാപ്പുജിയ്ക്ക് പ്രണാമമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അമൃത കാലഘട്ടത്തിൽ മഹാത്മജിയുടെ വീക്ഷണങ്ങൾ സ്വീകരീക്കുന്നതാണ് അദ്ദേഹത്തിന് നൽകാവുന്ന ശ്രദ്ധാഞ്ജലിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ സ്വച്ഛത, സ്വദേശി, സ്വഭാഷ എന്നീ ആശയങ്ങൾ സ്വീകരിക്കുക എന്നതാണ് ഗാന്ധിജിക്കുള്ള യഥാർഥ ആദരവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാന്ധിജി കാണിച്ച് തന്ന പാതയാണ് ഇന്ത്യയുടെ അടിത്തറയ്ക്കും പുരോഗതിയ്ക്കും കാരണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യ പുരോഗതിയുടെ പാതയിലൂടെ നീങ്ങുന്നതെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. സത്യത്തിലൂടെയും അഹിംസയിലൂടെയും മനുഷ്യരാശിയുടെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രയത്നിച്ച മഹാത്മാഗാന്ധിക്ക് പ്രണാമമർപ്പിക്കുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും ട്വീറ്റ് ചെയ്തു.

സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും സത്യത്തിന് വേണ്ടി പോരാടാനും ബാപ്പു രാജ്യത്തെ മുഴുവൻ പഠിപ്പിച്ചുവെന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.