കൗമാരക്കാർ കൂടുതൽ ഉപയോഗിക്കുന്നത് കഞ്ചാവ്; എക്സൈസ് സർവേ റിപ്പോർട്ട് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്‌സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ലഹരി കേസുകളിൽ ഉൾപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്‌സൈസിന്റെ സർവ്വേ റിപ്പോർട്ട് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എക്‌സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും കൗൺസിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസിൽ താഴെയുള്ളവരാണ്. എക്‌സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയൻ, സൈക്കോളജിസ്റ്റ് റീജാ രാജൻ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

പൊതുജനങ്ങൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട വിപുലമായ ഒരു സർവേ എസ്. പി. സി കേഡറ്റുകളുടെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരിൽ നിന്ന് വിവരം ശേഖരിക്കും. വിദ്യാർഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ആദിവാസി- തീരദേശ വാസികൾ, അതിഥി തൊഴിലാളികൾ, ഐ.റ്റി പ്രൊഫഷണലുകൾ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമായ 26 വിഭാഗങ്ങളിൽ നിന്നാണ് ഇതിനായി വിവരം ശേഖരിക്കുക.

സർവ്വെയിലെ പ്രധാന കണ്ടെത്തലുകൾ:

കേസുകളിൽ ഉൾപ്പെട്ട വ്യക്തികളിൽ നിന്നും, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൗൺസലിംഗ്, ചികിത്സ എന്നിവയ്ക്ക് വിധേയരായ വ്യക്തികളിൽ 97 ശതമാനം പേർ ഒരു തവണയെങ്കിലും ലഹരിവസ്തു ഉപയോഗിച്ചവരാണ്.

ലഹരി ഉപയോഗങ്ങളിൽ 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാർത്ഥം കഞ്ചാവാണ്. 75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. നിലവിൽ 77.16% പേരും പുകവലി ഉള്ളവരാണ്. മദ്യം ഉപയോഗിക്കുന്ന 69.5% പേരും കഞ്ചാവ് ഉപയോഗിക്കുന്ന 63.5% പേരുമുണ്ട്.

ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78% പേർ. സ്വാധീനം മൂലം 72%വും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ 51.5% പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയെന്നും കണ്ടെത്തി.

78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവർ 36.66%വും, കഞ്ചാവ് ഉപയോഗിച്ചവർ 16.33%വുമാണ്.

79% വ്യക്തികൾക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി പദാർത്ഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് ലഹരി ആദ്യമായി ലഭിച്ചവർ 5%മാണ്. സർവേയുടെ ഭാഗമായവരിൽ 38.16% പേർ ലഹരി വസ്തുക്കൾ കൂട്ടുകാർക്ക് കൈമാറിയിട്ടുണ്ട്.

70%വും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്. 15-19 വയസിനിടയിൽ ലഹരി ഉപയോഗം തുടങ്ങിയവർ 20%മാണ്. പത്തുവയസിന് താഴെയുള്ള പ്രായത്തിലാണ് 9% പേർ ലഹരി ഉപയോഗം ആരംഭിച്ചത്.

46% വ്യക്തികളും ലഹരി പദാർത്ഥങ്ങൾ ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്നവരാണ്.

80% വും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. ഒറ്റയ്ക്ക് 20%പേർ ലഹരി ഉപയോഗിക്കുന്നത്. മാനസിക സമ്മർദമുണ്ടാകുമ്പോൾ ലഹരി ഉപയോഗിക്കുന്ന 35.16% പേരുമുണ്ട്. അതേപോലെ, 46% പേരും ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ ലഹരി ഉപയോഗിക്കുന്നവരാണ്.

94.16% വ്യക്തികളും പുകവലിക്കുന്ന രീതിയിലാണ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത്. 77.16% വ്യക്തികളും നിലവിൽ പുകയില വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.

ലഹരി ഉപയോഗിക്കുന്നവരിൽ 61.5%ത്തിനും വായ് വരണ്ടുപോകുന്ന രോഗാവസ്ഥയുണ്ട്. ക്ഷീണം 52% ശതമാനത്തിനുമുണ്ട്. ഉറക്കം സംബന്ധിക്കുന്ന പ്രശ്‌നമുള്ളവരാണ് 38.6% പേരും. അക്രമ സ്വഭാവമുള്ള 37% വും ഡിപ്രഷനുള്ള 8.8% വും ഓർമ്മ പ്രശ്‌നമുള്ള 8.6% വും ആളുകളുണ്ട്.

കേസുകളിൽ ഉൾപ്പെട്ടിട്ടുളള (37.3%) വ്യക്തികളിൽ 4.83% പേർമാത്രമാണ് രണ്ടിൽ കൂടുതൽ തവണ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുളളത്.

വീണ്ടും ലഹരി ഉപയോഗിക്കാനും ലഹരിക്കടത്തിനും തയ്യാറാകാനുള്ള കാരണം ലഹരിയോടുള്ള ആസക്തി കൊണ്ടാണെന്ന് 16.66% അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രശ്‌നങ്ങളാണ് പിന്നിലെന്ന് 11.16% പേർ അഭിപ്രായപ്പെട്ടു.

ലഹരി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരിൽ 39.83%ത്തിനും ചെയ്ത കാര്യത്തിൽ പശ്ചാത്താപമുണ്ട്. 9.6%ത്തിന് ഇപ്പോഴും പശ്ചാത്തപമില്ല.

കുറ്റാരോപിതരിൽ 38.16% പേർ ലഹരി ഉപയോഗത്തിന് തന്റെ സുഹൃത്തുക്കളെകൂടി പ്രലോഭിപ്പിച്ചിട്ടുണ്ട്. കുറ്റാരോപിതരിൽ 41.5% പേർ കൗൺസിലിംഗിന് വിധേയരായിട്ടുളളവരാണ്.

കുറ്റാരോപിതരിൽ 30.78% പേർ ചികിത്സക്ക് വിധേയരായിട്ടുണ്ട്.

ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരിൽ 32% പേർ വിമുക്തി മിഷന്റ വിവിധ പരിപാടികളിൽ പങ്കെടുക്കണമെന്നും അവരുടെ സുഹൃത്തുക്കളെക്കൂടി കൗൺസെലിംഗിനും ചികിത്സക്കും വിധേയരാക്കുവാനും താൽപ്പര്യം പ്രകടിപ്പിച്ചവരാണ്.

ലഹരിമുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരിൽ 87.33% പേർ ലഹരി ഉപയോഗം കുറയ്ക്കുന്നതിൽ കൗൺസലിംഗ് ഏറ്റവും പ്രധാനപ്പെട്ട ഘടകമായി സൂചിപ്പിക്കുന്നു.

ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരിൽ 58.16% പേർ ലഹരി കടത്ത് നിയന്ത്രിക്കുന്നതിൽ ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ ഒരു പ്രധാന ഘടകമാണെന്ന് വ്യക്തമാക്കി.

റിപ്പോർട്ട് പ്രകാശന ചടങ്ങിൽ അഡീഷണൽ എക്‌സൈസ് കമ്മീഷണർ ഡി രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മീഷണർ ഗോപകുമാർ.ആർ, സുൽഫിക്കർ.എ.ആർ, ഏലിയാസ്.പി.വി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാരായ ബി.രാധാകൃഷ്ണൻ, സലിം എന്നിവർ പങ്കെടുത്തു.