അണ്ടര്‍19 വനിതാ ട്വന്റി-ട്വന്റി ലോകകപ്പ് കിരീടം ഇന്ത്യക്ക്‌

പോഷഫ്‌സ്ട്രൂം: ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ അണ്ടര്‍19 വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ച് കിരീടം മുത്തമിട്ട് ഇന്ത്യന്‍ പെണ്‍കൊടികള്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്‌ളണ്ടിനെ 17.1 ഓവറില്‍ 68 റണ്‍സില്‍ ആള്‍ഔട്ടാക്കിയശേഷം മറുപടിക്കിറങ്ങിയ ഇന്ത്യ 14 ഓവറില്‍ ലക്ഷ്യം കണ്ടു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ ഷെഫാലി വെര്‍മ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ ടിറ്റാസ് സദ്ധുവും അര്‍ച്ചന ദേവിയും പര്‍ഷവി ചോപ്രയും ഓരോവിക്കറ്റ് വീഴ്ത്തിയ മന്നത് കാശ്യപും ഷെഫാലിയും സോനം യാദവും ചേര്‍ന്നാണ് ഇംഗ്‌ളണ്ടിനെ 17.1 ഓവറില്‍ ചുരുട്ടിക്കൂട്ടിയത്. ആദ്യ ഓവറില്‍ ഇംഗ്‌ളീഷ് ഓപ്പണര്‍ ലിബര്‍ട്ടി ഹൂപ്പിനെ(0) സ്വന്തം ബൗളിംഗില്‍ പിടികൂടി ടിറ്റാസ് പ്രഹരം തുടങ്ങി. നാലാം ഓവറില്‍ അര്‍ച്ചന നിയാമയെയും(10),എതിര്‍ ക്യാപ്ടന്‍ ഗ്രേസിനെയും (4) തിരിച്ചയച്ചു. തുടര്‍ന്ന് ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോററായ റയാന (19) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളേഴ്‌സ് കളിയില്‍ പിടിമുറുക്കി.

ടിറ്റാസ് സദ്ധു നാലോവറില്‍ വെറും ആറുറണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. പര്‍ഷവി നാലോവറില്‍13 റണ്‍സ് വഴങ്ങിയും അര്‍ച്ചന മൂന്നോവറില്‍ 17 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം നേടി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഷെഫാലി വെര്‍മയെയും (15),ശ്വേത ഷെഹ്‌റാവത്തിനെയും (5) തുടക്കത്തിലേ നഷ്ടമായെങ്കിലും സൗമ്യ തിവാരി (24 നോട്ടൗട്ട്),ത്രിഷ (24) എന്നിവര്‍ ചേര്‍ന്ന് ആറോവര്‍ ശേഷിക്കേ കിരീടവിജയത്തിലേക്ക് വഴിതുറന്നു.