പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല; ഹൈക്കോടതിയെ സമീപിച്ച് പ്രധാന അധ്യാപകരുടെ സംഘടന

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല. ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപയാണ് സർക്കാർ ഉച്ചഭക്ഷണത്തിനായി നിലവിൽ അനുവദിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. തുക വർദ്ധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജൻസികളെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയിൽ ഹർജി സമർപ്പിച്ചത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുളള ക്ലാസുകളിലെ കുട്ടികൾക്ക് സൗജ്യവും പോഷകസമൃദ്ധവുമായ ആഹാരം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപയാണ് പദ്ധതിയ്ക്കായി അനുവദിക്കുന്നത്. 150 കുട്ടികൾ വരെയുളള സ്‌കൂൾക്ക് മാത്രമാണ് ഈ തുക അനുവദിക്കുന്നത്. 150നും അഞ്ഞൂറിനും ഇടിയിലാണ് കുട്ടികളുടെ എണ്ണമെങ്കിൽ ഏഴ് രൂപയും അഞ്ഞൂറിൽ കൂടുതൽ കുട്ടികളുളള സ്‌കൂളുകളിൽ കുട്ടി ഒന്നിന് ആറ് രൂപയുമാണ് അനുവദിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും എന്ന രീതിയിൽ ഉച്ചഭക്ഷണം പോഷക സമൃദ്ധമാകണമെന്ന് നിഷ്‌കർഷിച്ചത് സംസ്ഥാന സർക്കാരായിട്ടും വിഹിതം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷവും വിമർശനം ഉന്നയിച്ചിരുന്നു.