തൃണമൂൽ കോൺഗ്രസുമായി അടുപ്പം; ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെ ഡൽഹിക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെ ഡൽഹിക്ക് വിളിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വം ഗവർണർക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ഗവർണർ ഉയർത്തിയിരുന്നു.

ഇതോടെയാണ് ബിജെപി നേതൃത്വം ഗവർണർക്കെതിരെ രംഗത്തെത്തിയത്. ഗവർണർ മുഖ്യമന്ത്രിയുടെ സെറോക്സ് മെഷീനായിയെന്ന് രാജ്യസഭാ എം.പി. സ്വപൻദാസ് ഗുപ്ത വിമർശിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവർണറുടെ പ്രവർത്തനങ്ങളിൽ നീരസം പ്രകടമാക്കിയിരുന്നു. ഗവർണർ ക്ഷണിച്ച പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്ന് സുവേന്ദു പരസ്യമായി പ്രഖ്യാപിച്ചാണ് സുവേന്ദു അധികാരി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

മുൻ ഗവർണർ ജഗ്ദീപ് ധൻകറുടെ വഴിയല്ല നിലവിലെ ഗവർണർ സ്വീകരിച്ചതെന്നും അതിനാലാണ് സ്വപൻദാസ് ഗുപ്ത വിമർശനവുമായി രംഗത്തെത്തിയതെന്നും തൃണമൂൽ എം.പി. സൗഗത റോയ് അറിയിച്ചു.