അമിതഭാരം അലട്ടുന്നുണ്ടോ; ഡയറ്റിനൊപ്പം ശ്രദ്ധിക്കാം ഇക്കാര്യങ്ങളും….

ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കാനായി ഡയറ്റുകളും മറ്റും നാം പരീക്ഷിക്കാറുണ്ടെങ്കിലും, അവ പലപ്പോഴും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ആരോഗ്യകരമായി ഭാരം കുറയ്ക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരഭാരം നിയന്ത്രിക്കുമ്പോൾ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാൻ പാടില്ലെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്താൽ സൂക്ഷ്മ പോഷകങ്ങൾ ഉൾപ്പെടെയുള്ളവയുടെ കുറവ് വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. വിശപ്പിന് അനുസരിച്ച് അളവ് കുറച്ച് ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കണം. മധുരവും ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാര പോലുള്ളവയുടെ അമിത ഉപയോഗം കുറയ്ക്കണം.

ഡയറ്റ് പിന്തുടരുന്നതിനോടൊപ്പം തന്നെ ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തണം. മിതമായ രീതിയിൽ വ്യായാമം ചെയ്യുന്നത് അമിത ഭാരം കുറയ്ക്കാൻ സഹായകമാണ്. യോഗ ചെയ്യുന്നതും നല്ലതാണ്. ഭക്ഷണം കൃത്യസമയത്ത് തന്നെ കഴിക്കണം. രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിച്ചേക്കും. അതിനാൽ പരമാവധി നേരത്തെ തന്നെ ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്.