മഞ്ചേശ്വരം കോഴക്കേസിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരം കോഴക്കേസിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം ആരോപിച്ചു. കാസർഗോഡ് ബിജെപി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സുന്ദര കേസിലൂടെ 171 B ചുമത്തി എന്നെന്നേക്കുമായി താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കാമെന്നാണ് സർക്കാർ കരുതുന്നത്. 300 ൽ അധികം കേസുകൾ തലയിൽ വെച്ചാണ് താൻ നടക്കുന്നത്. ഇനി സ്ത്രീ പീഡനവും കൊലപാതകവും മാത്രമേ ചുമത്താനുള്ളൂ. അതും നാളെ ചുമത്തുമോ എന്ന് തനിക്കറിയില്ല. എന്നിട്ടും താൻ ഇവിടെ തന്നെ ഇല്ലേ. ഓരോ കേസുകളും തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്തു പകരുകയാണെന്നും അദ്ദേഹം അറിയിച്ചു.

മഞ്ചേശ്വരം കേസ് കള്ളക്കേസാണെന്നതിന് തെളിവ് ഇതിൽ പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തിയതാണ്. സുന്ദര ഒരു സ്ഥലത്തും തന്നെ ജാതീയമായി അപമാനിച്ചുവെന്ന് പറയുന്നില്ല. ആലുവക്കാരനായ സിപിഎം പ്രവർത്തകനാണ് ജാതീയമായി പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്. സുന്ദരയ്ക്ക് പണം കൊടുത്തവരും ജോലി കൊടുത്തവരും ഇതിന് മറുപടി പറയേണ്ടി വരും. സുന്ദര സ്വമേധയ ബിജെപി ഓഫീസിലെത്തിയാണ് ബിജെപിക്ക് പിന്തുണ നൽകിയത്. ബിഎസ്പി നേതാവ് പരാതി കൊടുത്തപ്പോൾ പൊലീസ് സുന്ദരയെ വിളിപ്പിച്ചിരുന്നു. അപ്പോഴും സുന്ദര അത് തന്നെയാണ് ആവർത്തിച്ചത്. സുന്ദരയെ താൻ ഇതുവരെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. സുന്ദരയുടെ പേരിൽ പരാതി കൊടുത്തത് സിപിഎം സ്ഥാനാർത്ഥി രമേശനാണ്. കള്ളക്കേസിനെ ഭയന്ന് ഒളിവിൽ പോവുകയോ നെഞ്ച് വേദന അഭിനയിക്കുകയോ ചെയ്യുന്നവരല്ല ബിജെപിക്കാരെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.