കടുവ സാന്നിധ്യം; വയനാട്ടിൽ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൽപ്പറ്റ: വയനാട്ടിലെ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

മേഖലയിൽ ജനങ്ങൾ രാത്രി സമയങ്ങളിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ മേഖലയിൽ മരണപ്പെട്ടിരുന്നു. തുടർന്ന് മേഖലയിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ്. അതേസമയം, മാനന്തവാടി താലൂക്കിൽ യുഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യമാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്നത്.