വരുണ്‍ ഗാന്ധി ബിജെപി വിടുന്നോ? കോണ്‍ഗ്രസിനെതിരെ സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴും വരുണിന് മൗനം

ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. സമീപകാലത്ത് വരുണ്‍ ഗാന്ധി നടത്തിയ പ്രസ്താവനകളും സ്വന്തം പാര്‍ട്ടിയുടെ നയങ്ങളെയും കീഴ്വഴക്കങ്ങളെയും കുറിച്ചുള്ള തുറന്ന വിമര്‍ശനങ്ങളുമാണ് ഇത്തരമൊരു ചര്‍ച്ചയിലേക്ക് വഴിവെച്ചത്. കോണ്‍ഗ്രസിനും നെഹ്‌റുവിനുമെതിരെ സംഘപരിവാര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോഴും വരുണ്‍ ഗാന്ധി മൗനം പാലിച്ചിരുന്നു.

‘ആഭ്യന്തരയുദ്ധത്തിന് പ്രേരപ്പിക്കുന്നതല്ല മറിച്ച് ആളുകളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതായിരിക്കണം നമ്മുടെ രാഷ്ട്രീയം. ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍ മാത്രം വോട്ട് സമ്ബാദിക്കുന്നവര്‍ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ ചോദിക്കണം. ആളുകളെ അടിച്ചമര്‍ത്തുന്നതില്‍ വിശ്വസിക്കുന്ന രാഷ്ട്രീയം നമ്മള്‍ പിന്തുടരരുത്. ആളുകളുടെ പുരോഗമനമാണ് നാം രാഷ്ട്രീയത്തിലൂടെ ചെയ്യേണ്ടത്’- എന്ന് വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതോടെ വരുണ്‍ ഗാന്ധി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മാറാനുള്ള സാധ്യതയെക്കുറിച്ചുള്ള പുതിയ ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. 2019ലെ മോദി മന്ത്രിസഭയില്‍ തന്റെ അമ്മ മനേക ഗാന്ധിക്കോ തനിക്കോ സ്ഥാനം ലഭിക്കാതെ വന്നതോടെയാണ് വരുണ്‍ ഗാന്ധിയുടെ വിയോജിപ്പിന്റെ ആദ്യ സൂചനകള്‍ പുറത്തുവന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള നേതാവായി വരുണ്‍ ഗാന്ധിയെ പരാമര്‍ശിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഇതിന് തടയിട്ടുകൊണ്ടായിരുന്നു യോഗി ആദിത്യനാഥ് പെട്ടെന്ന് ആ സ്ഥാനത്തേക്ക് വന്നത്.

അതേസമയം, വരുണ്‍ ഗാന്ധിക്ക് കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടോയെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിച്ചപ്പോള്‍ അത് പാര്‍ട്ടി അധ്യക്ഷനോട് ചോദിക്കണമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ‘പ്രതിപക്ഷ കക്ഷികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ 2024 ല്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കില്ല. ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്കുണ്ട്. പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആരുടെ മുന്നിലും യാത്രയുടെ വാതിലുകള്‍ തുറന്നുകിടക്കും. ആര്‍ക്കും യാത്രയിലേക്ക് കടന്ന് വരാം’- രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.