സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷൻ വിതരണം നിർത്തും; നടപടികളുമായി സർക്കാർ

തിരുവനന്തപുരം: സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷൻ വിതരണം നിർത്തുമെന്ന് സർക്കാരിന്റെ ഉത്തരവ്. കേന്ദ്ര നിയമ പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്കെ സ്ഥിര ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെ ആണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

40 ശതമാനം ഭിന്നശേഷിയാണ് പെൻഷൻ ലഭിക്കാനുള്ള മാനദണ്ഡം. ബിപിഎൽ കാർഡ് ഉള്ളവർക്കും,ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ള കുടുംബങ്ങളിലെ കുട്ടികൾക്കുമാണ് ഭിന്നശേഷി പെൻഷൻ ലഭിക്കുന്നത്. പ്രതിമാസം 1600 രൂപയാണ് പെൻഷൻ. ഈ രീതിയിൽ പെൻഷൻ വിതരണം ഇനി വേണ്ടെന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. പെൻഷന് വേണ്ടി സ്ഥിര ഭിന്നശേഷി സർട്ടിഫിക്കറ്റോ, UDID കാർഡോ ഹാജരാക്കണം. കേന്ദ്രനിയമപ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് ഈ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. 5 വയസ്സ് വരെ, 5 മുതൽ 10 വയസ്സ് വരെ, 10 മുതൽ 18 വയസ്സ് വരെയും താത്കാലികമായാണ് സർട്ടിഫിക്കറ്റ്. 18 വയസ്സിന് കഴിഞ്ഞാൽ മാത്രമെ സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് കിട്ടൂ. അതും കഴിഞ്ഞ് രണ്ട് വർഷം വേണം കേന്ദ്രസർക്കാരിന്റെ UDID കാർഡ് കൈയ്യിൽ കിട്ടാൻ.

സർക്കാരിൽ നിന്ന് പുതിയ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പല പഞ്ചായത്തുകളും പെൻഷൻ തുടരാനാകില്ലെന്ന് അറിയിച്ച് ഭിന്നശേഷി കുട്ടികൾക്ക് കത്തയക്കാൻ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ് സർക്കാരിന്റെ പുതിയ തീരുമാനം.