നേപ്പാളിലെ സഖ്യസര്‍ക്കാര്‍ യോഗം പിരിഞ്ഞത് പ്രധാനമന്ത്രി പദത്തെ ചൊല്ലി തീരുമാനമെടുക്കാനാവാതെ

കാഠ്മണ്ഡു: നാല് സുപ്രധാന പാര്‍ട്ടികള്‍ ഒരുമിച്ചിരുന്ന നേപ്പാളിലെ സഖ്യസര്‍ക്കാര്‍ യോഗം പ്രധാനമന്ത്രി പദത്തെ ചൊല്ലി തീരുമാനമെടുക്കാതെ പിരിഞ്ഞു. നേപ്പാള്‍ പ്രസിഡന്റ് ബിജ്യാ ദേവി ഭണ്ഡാരിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഭരണകൂടം സഖ്യകക്ഷികളുടെ യോഗം ചേര്‍ന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സഖ്യ കക്ഷി രൂപീകരിച്ച ശേഷമാണ് പ്രധാനമന്ത്രി പദത്തെ ചൊല്ലി വിവാദം ഉയര്‍ന്നത്.

ഷേര്‍ ബഹാദൂര്‍ ദുബെയാണ് ശര്‍മ്മ ഒലിക്ക് പകരമായി നിലവില്‍ നേപ്പാളില്‍ പ്രധാനമന്ത്രി പദത്തിലുള്ളത്. എന്നാല്‍, തിരഞ്ഞെടുപ്പ് നടക്കാതെയാണ് ദുബെ ആദ്യം പ്രധാനമന്ത്രിയായി മാറിക്കൊണ്ട് ഭരണം മുന്നോട്ട് പോകുന്നത്. കാവല്‍ മന്ത്രിസഭയുടെ നയങ്ങളില്‍ നിലവിലെ പ്രധാനമന്ത്രിയും പ്രസിഡന്റും മാറേണ്ടതില്ലെന്ന തീരുമാനമാണ് മാവോയിസ്റ്റുകളേയും കമ്യൂണിസ്റ്റുകളേയും പ്രകോപനത്തിനിടയാക്കിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഏത് പാര്‍ട്ടിയാണ് സഖ്യ സര്‍ക്കാറിനെ നയിക്കേണ്ടത് എന്ന വിഷയത്തിലാണ് തീരുമാനം എടുക്കാനാവാതെ പോയത്.

അതേസമയം, മാവോയിസ്റ്റ് സെന്റര്‍ പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന പുഷ്പ കമല്‍ ധഹല്‍ പ്രചണ്ഡയാണ് ആദ്യം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി തന്റെ പ്രതിഷേധം അറിയിച്ചത്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന കെ.പി ശര്‍മ്മ ഒലിയും യോഗത്തില്‍ പങ്കെടുത്തില്ല. മാവോയിസ്റ്റ് സെന്റര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദേവ് ഗുരുംഗ് നേരത്തെ തന്നെ നിലവിലെ സഖ്യത്തില്‍ തുടരില്ലെന്ന് സൂചിപ്പിച്ചിരുന്നു.