ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നു; ആരോപണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാസ്‌ക് ധരിക്കാതെയാണ് രാഹുൽ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. യാത്രയിൽ പങ്കെടുത്ത നിരവധി പ്രവർത്തകരും മാസ് ധരിച്ചിരുന്നില്ല.

അതേസമയം, ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും ഭാരത് ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. ഇന്ന് പാർലമെന്റിൽ മാസ്‌ക് ധരിച്ചാണ് അദ്ധ്യക്ഷൻമാരും അംഗങ്ങളും എത്തിയത്. പല രാജ്യങ്ങളിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് സ്പീക്കറും രാജ്യസഭ അധ്യക്ഷനും നിർദ്ദേശിച്ചു. അംഗങ്ങൾക്ക് മാസ്‌ക് വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സ്പീക്കർ നിർദ്ദേശം നൽകുകയും ചെയ്തു.