കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഇന്ത്യ; വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഇന്ത്യ. ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രാജ്യം പ്രതിരോധ നടപടികൾ ശക്തമാക്കിയത്. ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.

ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗബാധ കണ്ടെത്തിയത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച്ച മുതൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് വൈറസ് പടരാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ പൊതുജനങ്ങൾ മാസ്‌ക് ധരിക്കണം. എല്ലാവരും കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡ് വൈറസ് വ്യാപനം ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.