നിങ്ങളുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന ചില ശീലങ്ങൾ…..

നല്ല ആരോഗ്യത്തിന് മികച്ച ഉറക്കം അത്യാവശ്യമാണ്. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ ക്ഷീണം, ദേഷ്യം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം തുടങ്ങിയവക്കെല്ലാം കാരണമാകും. നിങ്ങളുടെ നല്ല ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന ചില ശീലങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

രാത്രി ഉറങ്ങുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്ക തടസത്തിന് കാരണമാകും. അതിനാൽ ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കണം. രാത്രി അത്താഴം മിതമായി കഴിക്കുന്നതാണ് ഉറക്കം ശരിയായി ലഭിക്കുന്നതിന് നല്ലത്. രാത്രിയിൽ വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം.

സ്‌ട്രെസുണ്ടെങ്കിൽ അത് നിങ്ങളുടെ സുഖകരമായ ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിന് മുമ്പ് പുസ്തകം വായിക്കുകയോ, സംഗീതം ആസ്വദിക്കുകയോ ചെയ്യുന്നത് സ്‌ട്രെസ് കുറയ്ക്കും. ഇത് ഉറക്കം കൂടുതൽ സുഖകരമാക്കും. ഉറങ്ങാൻ കിടന്നതിനുശേഷം മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം നല്ലതല്ല. കാപ്പിയുടെ ഉപയോഗം ഉറക്കം കുറയ്ക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കഫൈൻ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

ഉറങ്ങുന്നതിന് മുമ്പ് മദ്യം കഴിക്കുന്ന ശീലം ഒഴിവാക്കുന്നത് ശാന്തമായ ഉറക്കം ലഭിക്കാൻ അനുയോജ്യമാണ്. അതിനാൽ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം.