ഐപിഎല്‍ 2023: താരലേലം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഐപിഎല്ലിന്റെ 2023 എഡിഷനിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍. ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ലേല തട്ടില്‍ ലോകോത്തര താരങ്ങള്‍ ക്കൊപ്പം 10 മലയാളികളും വമ്ബന്‍ ടീമുകളിലേക്ക് ചേക്കേറാനുള്ള ഭാഗ്യവിളികള്‍ക്കായി കാതോര്‍ക്കും. 405 താരങ്ങളില്‍ നിന്നുള്ളവരെയാണ് ഇന്ന് പത്തു ഫ്രാഞ്ചൈസികള്‍ക്ക് കയ്യിലെ തുക അനുസരിച്ച് സ്വന്തമാക്കാന്‍ അവസരം ലഭിക്കുക.

വിദേശ താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, കാമറൂണ്‍ ഗ്രീന്‍, നിക്കോളാസ് പൂരന്‍, റിലീ റൂസോ എന്നിവര്‍ ഇന്നത്തെ ശ്രദ്ധാകേന്ദ്രമാകുന്നവരാണ്. ഇവര്‍ക്കൊപ്പം ദേശീയ താരം മായങ്ക് അഗര്‍വാളും ഹാരിസ് ബ്രൂക്കും പ്രധാന ടീമുകള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന താരങ്ങളാണ്. കഴിഞ്ഞ സീസണ്‍ വരെ മുംബൈയില്‍ തിളങ്ങിയ പൊള്ളാര്‍ഡും ചെന്നൈ യുടെ വിജയ ശില്പികളിലൊരാളായിരുന്ന ഡെയ്ന്‍ ബ്രാവോയും കളമൊഴിഞ്ഞതോടെ പകരക്കാര്‍ ആരാകും എന്നതും അറിയാം.

ലേലത്തറയില്‍ ടീമുകള്‍ക്ക് മുന്നിലേയ്ക്ക് വരുന്നതില്‍ 61 പേര്‍ മികച്ച ബാറ്റര്‍മാരാണ്. 155 ഓള്‍റൗണ്ടേഴ്സും 58 വിക്കറ്റ് കീപ്പര്‍മാരും 131 ബൗളര്‍മാരും ഭാഗ്യവിളികള്‍ക്കായി കാത്തിരിക്കുന്നു. ഇത്തവണ ഭാഗ്യവിളികള്‍ക്കായി കാത്തുനില്‍ക്കുന്നതില്‍ പത്തുപേര്‍ മലയാളികളാണ്. അതില്‍ ഏറെ പ്രധാനം യുഎഇ ദേശീയ ടീമിന്റെ നായകനും മറ്റൊരു താരവും മലയാളികളായി ഐപിഎല്‍ പട്ടികയിലെത്തി എന്നതാണ്. നായകന്‍ റിസ്വാനും ബാസില്‍ ഹമീദുമാണ് മലയാളികളായിട്ടും മറ്റൊരു രാജ്യത്തിന്റെ കുപ്പായത്തില്‍ ഐപിഎല്ലിലേയ്ക്ക് എത്തുന്നത്. ഇവര്‍ക്കൊപ്പം വൃത്യു അരവിന്ദ്, കാര്‍ത്തിക് മെയ്യപ്പന്‍, അയാന്‍ അഫ്സല്‍ ഖാന്‍, അലിഷാന്‍ ഷറഫൂ എന്നീ യുഎഇ താരങ്ങളും ലേലത്തിനായി പരിഗണിക്കപ്പെട്ടവരിലുണ്ട്.