സായുധ സേനയുടെ മനോവീര്യം തകര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പുറത്താക്കണം: ബിജെപി

ഇന്ത്യന്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പുറത്താക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ തല്ലിക്കൊല്ലുകയാണെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അ്‌ദ്ദേഹം.

‘മല്ലികാര്‍ജുന്‍ ഖര്‍ഗെ റിമോട്ട് കണ്‍ട്രോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അല്ലെങ്കില്‍, പ്രതിപക്ഷ പാര്‍ട്ടി രാജ്യത്തോടൊപ്പം നില്‍ക്കുകയാണെങ്കില്‍, ഇന്ത്യയെ ഇകഴ്ത്തുകയും സായുധ സേനയുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. രാഹുലിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടിയുടെ ചിന്താഗതിയായി അര്‍ത്ഥമാക്കേണ്ടി വരും. ഒരു ഭാരതീയന്‍ എന്ന നിലയില്‍ നമ്മുടെ സൈന്യം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നമ്മുടെ ശക്തി എന്താണെന്ന് ഇന്ത്യന്‍ ജവാന്‍മാര്‍ തെളിയിക്കുന്നു, പിന്നെ എന്തിനാണ് ഇന്ത്യയുടെ ജയ്ചന്ദ് രാഹുല്‍ ഗാന്ധി സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത്? ഇത് 1962ലെ നേതൃത്വമല്ല. ഇത്തവണ രാജ്യത്ത് ശക്തമായ നേതൃത്വമുണ്ട്. ഇന്ത്യയാണ് ഇന്ന് ലോകത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ എട്ടര വര്‍ഷത്തിനിടെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആരും കൈയേറിയിട്ടില്ലെന്നത് രാഹുലിനെപ്പോലെ ജയ്ചന്ദ് കേള്‍ക്കണം’- ഭാട്ടിയ പറഞ്ഞു.