ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായി അഗ്നി 5 ന്റെ പരീക്ഷണം; ഇന്ത്യയുടെ ആയുധക്കരുത്തിൽ വിസ്മയത്തോടെ ലോകം

ന്യൂഡൽഹി: അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം ഒഡിഷ തീരത്തു നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച അഗ്‌നി 5. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വ്യാഴാഴ്ച്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു പരീക്ഷണം നടന്നത്. ഇന്ത്യയുടെ നവീനവും കരുത്തേറിയതുമായ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ‘അഗ്‌നി 5’.

അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈനയുമായി സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യ അഗ്നി 5 ന്റെ പരീക്ഷണം നടത്തിയത്. അതിനാൽ തന്നെ ഇത് ലോകശ്രദ്ധയാകർഷിച്ചു. ആണവ കമാൻഡിന്റെ ഭാഗമായ അഗ്‌നി 5 മുമ്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണ ദൂരത്തിൽ വിജയകരമായി പരീക്ഷിക്കുന്നത് ആദ്യമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ മിസൈൽ സഞ്ചരിച്ചു. ആധുനിക സാങ്കേതിക വിദ്യകളുള്ള ഭാരം കുറഞ്ഞ മിസൈലിന്റെ ദൂരപരിധി ഇനിയും വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

5,400 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. ചൈനയുടെ മുഴുവൻ ഭൂപരിധിയും ഈ മിസൈലിന് ലക്ഷ്യമിടാനാകും. അഗ്‌നി 5 മിസൈലുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും ഫലപ്രാപ്തി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണം നടന്നത്. അഗ്‌നി 5 മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം 2012 ലാണ് നടന്നത്. ഒൻപതാം പരീക്ഷണമാണ് വ്യാഴാഴ്ച്ച നടന്നത്. അഗ്‌നി 1 (ദൂരപരിധി: 700 കിലോമീറ്റർ), അഗ്‌നി 2 (2000 കിലോമീറ്റർ), അഗ്‌നി 3, 4 (25003000 കിലോമീറ്റർ) എന്നീ മിസൈലുകളാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇൻഡോനേഷ്യ, തായ്ലൻഡ്, മലേഷ്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, റഷ്യ, ഇറാഖ്, ഈജിപ്ത്, സിറിയ, ജർമ്മനി, യുക്രൈൻ, ഗ്രീസ്, ഇറ്റലി, സുഡാൻ, ലിബിയ തുടങ്ങി 20 രാജ്യങ്ങളെ അഗ്നി 5 ലൂടെ ആക്രമിക്കാൻ കഴിയും.