‘ഗുജറാത്തിലെ കശാപ്പുകാരന്‍ ജീവിച്ചിരിക്കുന്നു’; മോദിക്കെതിരായ പാക് മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ബിജെപി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ യുഎന്‍ രക്ഷാ സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി.

യു.എന്‍ രക്ഷാസമിതിയില്‍ ബിലാവല്‍ ഭൂട്ടോ കാശ്മീര്‍ വിഷയം ഉന്നയിച്ചപ്പോള്‍ അല്‍ ക്വ ഇദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ സംരക്ഷിക്കുകയും അയല്‍ രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് യു.എന്‍ വേദിയില്‍ ‘ധര്‍മ്മോപദേശം’ നടത്താനുള്ള യോഗ്യതയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, ‘ഒസാമ ബിന്‍ ലാദന്‍ മരിച്ചു, എന്നാല്‍, ഗുജറാത്തിലെ കശാപ്പുകാരന്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയാകുന്നത് വരെ മോദിയ്ക്ക് യു.എസ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മോദി മാനസികമായി പാപ്പരാണ്. ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നും’ ബിലാവല്‍ തിരിച്ചടിച്ചു.

അതേസമയം, ബിലാവലിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര മന്ത്രിമാരും രംഗത്തെത്തി. പാപ്പരത്തമുള്ള രാജ്യത്തെ പ്രതിനിധീകരിക്കുന്ന പാക് വിദേശകാര്യ മന്ത്രിയുടെ ഭാഷയിലൂടെ അദ്ദേഹം മാനസികമായും പാപ്പരാണെന്ന് തെളിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ബിലാവലിന്റെ പ്രസ്താവന ലജ്ജാകരമാണെന്നും 1971ല്‍ ഇന്ത്യന്‍ സൈന്യത്തോട് പാകിസ്ഥാന്‍ പരാജയപ്പെട്ടതിന്റെ വേദനയില്‍ നിന്ന് അയാള്‍ ഇപ്പോഴും മുക്തനായിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. കാശ്മീര്‍, പഞ്ചാബ്, അഫ്ഗാനിസ്ഥാന്‍, ബലൂചിസ്ഥാന്‍, കറാച്ചി എന്നിവിടങ്ങളിലെ ഭീകരതയ്ക്ക് ഭൂട്ടോയുടെ പൂര്‍വികര്‍ ഉത്തരവാദികളാണെന്നും കശാപ്പുകാര്‍ ശരിക്കും ആരാണെന്ന് അറിയാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബിലാവലിന്റെ പ്രസ്താവന അപരിഷ്‌കൃതമാണെന്നും പാകിസ്ഥാന് തന്നെ നാണക്കേടാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.