ഓപ്പറേഷൻ പഞ്ചി കിരൺ; സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്

തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ഓപ്പറേഷൻ പഞ്ചി കിരണിന്റെ ഭാഗമായാണ് പരിശോധന. റെയ്ഡിൽ കാഞ്ഞിരപ്പള്ളി സബ് ജിസ്ട്രാർ ഓഫീസിലെ സ്റ്റാഫുകളുടെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 17000 രൂപ പിടിച്ചെടുത്തു. നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരം എഴുത്തുകാർ ഗൂഗിൾ പേ വഴിയാണ് പണം നൽകുന്നതെന്നും റെയ്ഡിൽ വിജിലൻസ് കണ്ടെത്തി. ചില ഓഫീസുകളിൽ പേഴ്‌സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലും തിരിമറി നടന്നിട്ടുണ്ട്. മാവേലിക്കര സബ് ജിസ്ട്രാർ ഓഫീസിൽ ആധാരം എഴുത്താഫീസ് സ്റ്റാഫിന്റെ പക്കൽ നിന്നും 47000 രൂപയും കണ്ടെടുത്തു.

കഴിഞ്ഞ ദിവസങ്ങളിലും രജിസ്ട്രാർ ഓഫീസുകളിൽ പരിശോധന നടന്നിരുന്നു. 54 ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. വലിയ ക്രമക്കേടുകളാണ് രജിസ്ട്രാർ ഓഫീസുകളിൽ നടക്കുന്നതെന്നാണ് വിജിലൻസ് കണ്ടെത്തിയത്. തുടർന്നാണ് ഇന്നലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

വിജിലൻസിന്റെ ആദ്യഘട്ട പരിശോധനയിൽ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. മലപ്പുറം വേങ്ങര സബ് രജിസ്ട്രാർ ഓഫീസിൽ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും, കാസർകോഡ് സബ് രജിസ്ട്രാർ ഓഫീസിൽ രണ്ട് ഏജന്റിൽ നിന്നും 11,300 രൂപയും, കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ ഏജന്റിൽനിന്ന് 2,1000 രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.