നെഹ്രുവിന്റെ ഇന്ത്യയല്ല ഇത്, സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും ബിജെപി

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള യുദ്ധഭീഷണി കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി ബിജെപി. ചൈന യുദ്ധത്തിനുള്ള ഒരുക്കം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണ് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. സര്‍വ്വ സന്നാഹത്തോടെയുമുള്ള യുദ്ധത്തിനാണ് ചൈന തയ്യാറെടുക്കുന്നതെന്നും, എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ആ ഭീഷണിയെ അവഗണിക്കുകയാണെന്നും ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു

എന്നാല്‍, സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും, ഇത് നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. ചൈനയുമായി അടുപ്പം വേണമെന്നാണ് രാഹുലിന്റെ ആഗ്രഹം എന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.

‘ഇപ്പോള്‍ അദ്ദേഹം ആ അടുപ്പം നന്നായി വളര്‍ത്തിയെടുത്തിട്ടുണ്ട്. കാരണം, ചൈന എന്ത് ചെയ്യാന്‍ പോവുന്നുവെന്ന് അദ്ദേഹത്തിന് അറിയാം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യയുടെ സുരക്ഷയുമായും അതിര്‍ത്തിപ്രദേശങ്ങളുമായും ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്നതുമാണ്. ഉറക്കത്തിനിടെ 37242 ചതുരശ്ര കിമീ ചൈനയ്ക്ക് നഷ്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ നെഹ്രുവിന്റെ ഇന്ത്യയല്ല ഇത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി നടത്തരുത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് അസംഖ്യം അതിര്‍ത്തി ലംഘനങ്ങള്‍ ചൈന നടത്തിയിട്ടുണ്ട്. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിന് ശേഷം അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ചിലവ് മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അതിര്‍ത്തിയും, ഭൂപ്രദേശങ്ങളും അതിശക്തമായി രാജ്യം ഇപ്പോള്‍ സംരക്ഷിക്കുന്നുണ്ട്’- അദ്ദേഹം വ്യക്തമാക്കി.