ശബരിമലയിലെ എല്ലാകാര്യങ്ങളിലും തങ്ങളുടെ അനുമതി വേണമെന്ന നിലപാടാണ് പോലീസിന്റേത്; അവലോകന യോഗത്തിൽ വിമർശനം

ശബരിമല: ശബരിമലയിലെ എല്ലാകാര്യങ്ങളിലും തങ്ങളുടെ അനുമതി വേണമെന്ന നിലപാടാണ് പോലീസിന്റേതെന്ന് വിമർശിച്ച് അധികൃതർ. പമ്പയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ അവലോകന യോഗത്തിലാണ് അധികൃതർ ഇക്കാര്യം പരസ്യമായി ഉന്നയിച്ചത്. ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി പോലീസ് ശബരിമല ഭരണം നടത്തുന്നു എന്ന പരാതി വ്യപകമാകവേയാണ് അവലോകന യോഗത്തിലും ഇക്കാര്യം ചർച്ചയാകുന്നത്. ശബരിമലയിലും സന്നിധാനത്തും ദേവസ്വം ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും യാതൊരു സ്വാധീനവുമില്ലാത്ത അവസ്ഥയാണിപ്പോൾ. ഈ സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

അസ്ഥാനത്തും അനാവശ്യവുമായ നടപടികളുമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നത്. ഭക്തർ മണിക്കൂറുകളോളം വരിയിലും വഴിയിലും നിൽക്കേണ്ടി വരുന്നത് പതിനെട്ടാം പടിയിലെ നിയന്ത്രണങ്ങൾ കാരണമാണെന്ന പരാതിയും ഉയരുന്നുണ്ട്. എന്നാൽ, പതിനെട്ടാം പടി കയറ്റത്തിൽ പരാതി ഉണ്ടെങ്കിൽ ദേവസം ബോർഡ് നേരിട്ട് ചുമതല ഏൽക്കട്ടെ എന്ന് എഡിജിപി യോഗത്തിൽ പറഞ്ഞു. സങ്കുചിതമായ ചിന്തകൾ മാറ്റി വച്ച് വിശാലമായ രീതിയിൽ എല്ലാവരും പ്രവർത്തിക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ യോഗത്തിൽ ആവശ്യപ്പെട്ടു. എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് എല്ലാവർക്കും സംതൃപ്തമായ ദർശനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.