കണ്ണീരോടെ മടങ്ങി കാനറികള്‍; ക്രൊയേഷ്യ സെമിയില്‍

ദോഹ: ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ നാലുവട്ടം പന്ത് ബ്രസീല്‍ കോട്ടക്കുള്ളില്‍ കയറ്റി. എന്നാല്‍ ബ്രസീലിന്റെ രണ്ടു താരങ്ങള്‍ കിക്ക് പാഴാക്കി. റോഡ്രിഗോയും മാര്‍ക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോളി തടുത്തു. പിന്നീട് നികോള വ്ളാസിചും ഗോള്‍ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടര്‍ന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോള്‍ ഒര്‍സിച് സമ്മര്‍ദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോള്‍ നേടി. എന്നാല്‍ അടുത്ത ക്വിക്കെടുത്ത മാര്‍ക്വിനോസിന് ടീമിന്റെ പ്രതീക്ഷകള്‍ കാക്കാനായില്ല. റോഡ്രിഗോയടിച്ച ഷോട്ട് ലിവാക്കോവിച്ച് തടഞ്ഞപ്പോള്‍ മാര്‍ക്വിനോസിന്റെ കിക്ക് പോസ്റ്റിനടിച്ച് പുറത്തായി.

നെയ്മറിന്റെ ഗോളില്‍ അധിക സമയത്തില്‍ ലീഡെടുത്ത ബ്രസീലിനെതിരെ ക്രൊയേഷ്യ തിരിച്ചടിക്കുകയായിരുന്നു. അധിക സമയത്തില്‍ 117ാം മിനുട്ടിലാണ് ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രോട്ടുകള്‍ സമനില പിടിച്ചത്. ഒര്‍സിചാണ് ഗോളിലേക്ക് അസിസ്റ്റ് നല്‍കിയത്. നേരത്തെ 106ാം മിനുട്ടില്‍ ലൂകസ് പക്വറ്റയുടെ അസിസ്റ്റില്‍ നിന്നാണ് നിര്‍ണായക ഗോള്‍ നെയ്മര്‍ നേടിയത്. രണ്ടാം പകുതിയും ഗോള്‍രഹിത സമനിലയിലായിരുന്നു. തുടര്‍ന്ന് അധിക സമയത്തിന്റെ ഒന്നാം പകുതിയിലാണ് സുല്‍ത്താന്റെ ഗോള്‍വേട്ട. എട്ടു സേവുമായി ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവകോവിച്ച് ബ്രസീലിനെ തടുത്തിടുകയായിരുന്നു. ഒരു ലോകകപ്പില്‍ ക്രൊയേഷ്യന്‍ ഗോളി നേടുന്ന ഏറ്റവും കൂടുതല്‍ സേവാണിത്.

13-ാം മിനിറ്റില്‍ വലതു വിങ്ങിലൂടെ ക്രൊയേഷ്യ ഒരു മികച്ച മുന്നേറ്റം നടത്തി. പലാസിചിന്റെ ക്രോസ് പക്ഷെ പെരിസിചിലേക്ക് എത്തിയില്ല. ഇതായിരുന്നു കളിയിലെ ആദ്യ നല്ല അവസരം. 20-ാം മിനിറ്റില്‍ വിനിഷ്യസും റിച്ചാര്‍ലിസണും നടത്തിയ നീക്കം ഗ്വാര്‍ഡിയോളിന്റെ മികച്ച ബ്ലോക്കിലൂടെയാണ് അവസാനിച്ചത്. ആദ്യ പകുതിയില്‍ തന്നെ ബ്രസീലിന്റെ ഡനിലോയും ക്രൊയേഷ്യയുടെ ബ്രൊസോവിചും മഞ്ഞ കാര്‍ഡ് വാങ്ങി. 41-ാം മിനി്റ്റില്‍ പെനാള്‍ട്ടി ബോക്സിന് തൊട്ടുപുറത്ത് വെച്ച് ബ്രസീലിന് ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും നെയ്മറിന്റെ കി്ക്ക ഭീഷണിയാകാതെ ഒഴിഞ്ഞുപോയി.