അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ട്വന്റി 20യെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു; ആരോപണവുമായി സാബു ജേക്കബ്

കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ട്വന്റി 20യെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ്. കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിന്റെ പരാതിയിൽ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ട്വന്റി 20യെ ഇല്ലാതാക്കാൻ വേണ്ടിയാണ് ശ്രീനിജിന്റെ പരാതിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ട്വന്റി 20യുടെ വികസനപ്രവർത്തനങ്ങൾ സ്വന്തം പേരിലാക്കാനാണ് ശ്രീനിജന്റെ ശ്രമം. എൽഡിഎഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണ്. എംഎൽഎ ആണെന്ന് കരുതി വൃത്തികേടുകൾ ചെയ്യുന്ന ആളെ ബഹുമാനിക്കേണ്ടതില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എംഎൽഎയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ സാബു എം ജേക്കബിനെതിരെ പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എംഎൽഎ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അംഗങ്ങൾ ഇറങ്ങിപ്പോയ സംഭവമാണ് പരാതിയ്ക്ക് ആധാരം. കേസിലെ രണ്ടാം പ്രതി ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്ക് ആണ്.