പ്രധാനമന്ത്രിക്കെതിരെ വലിയ കുപ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നതാണ് മല്ലിക സാരാഭായിൽ സിപിഎം കാണുന്ന യോഗ്യത; വി മുരളീധരൻ

ന്യൂഡൽഹി: മല്ലിക സാരാഭായിയെ കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലറായി സംസ്ഥാന സർക്കാർ നിയമിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വലിയ കുപ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നതാണ് മല്ലിക സാരാഭായിൽ സിപിഎം കാണുന്ന യോഗ്യതയെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യത്ത് വേറെ കലാകാരന്മാർ ഇല്ലാഞ്ഞിട്ടല്ലെന്നും ചൊൽപ്പിടിയിൽ നിൽക്കുന്നരെ മാത്രമാണ് മുഖ്യമന്ത്രിക്കു വേണ്ടതെന്നും വി മുരളീധരൻ പരിഹസിച്ചു.

പിണറായി വിജയന് ആവശ്യം താളത്തിനൊത്തു തുള്ളുന്നവരെയാണ്. അതുകൊണ്ടാണ് മല്ലികാ സാരാഭായിയെ ചാൻസലറാക്കിയത്. കഴിവിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അപേക്ഷ ക്ഷണിച്ച് കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കട്ടെ. മല്ലികാ സാരാഭായിയെ നിയമിച്ച ആളുകൾ തന്നെയാണ് കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനേയും നേരത്തെ കോടതി ഇടപെട്ട് പുറത്താക്കിയ രണ്ട് വൈസ് ചാൻസലർമാരേയും നിയമിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നത് സിപിഎമ്മിന്റെ സ്വജനപക്ഷപാതവും അഴിമതിയും എതിർത്തതുകൊണ്ട് മാത്രമാണ്. ബിൽ ഭരണഘടനാ വിരുദ്ധമാണ്. കോടതിയിൽ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിലൂടെ അഴിമതിക്ക് ശക്തി പകരാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തിയത്. ബിൽ അവതരണം എന്തിനു വേണ്ടിയാണെന്നത് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാരിന് കഴിയില്ല. യുജിസി ചട്ടത്തിനും നാട്ടിലെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും എതിരെയാണ് സർക്കാരിന്റെ നീക്കം. പ്രതിപക്ഷത്തിന് ഇതുവരെ സർവകലാശാല വിവാദത്തിൽ നിലപാടിൽ വ്യക്തത വന്നില്ല. പ്രതിപക്ഷം സർക്കാരിന് കുടപിടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.