സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതി നൽകുന്നത് സാമ്പത്തിക-സാങ്കേതിക സാധ്യതകൾ പരിഗണിച്ച് മാത്രം; കേന്ദ്രമന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയിൽ വിശദീകരണവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതി നൽകുന്നത് സാമ്പത്തിക-സാങ്കേതിക സാധ്യതകൾ പരിഗണിച്ച് മാത്രമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. തത്വത്തിൽ അംഗീകാരം നൽകിയത് ഡിപിആർ അടക്കം തയാറാക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭയിൽ ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യങ്ങൾക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, സിൽവർ ലൈൻ പദ്ധതികൾ സംസ്ഥാന സർക്കാർ പൂർണമായി മരവിപ്പിച്ചിരുന്നു. ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും സർക്കാർ മടക്കി വിളിച്ചു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് 205 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവരെയാണ് തിരികെ വിളിച്ചത്.

സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നുവെന്ന് വ്യക്തമാക്കി റവന്യു വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സാമൂഹികാഘാത പഠനം തൽക്കാലം നടത്തേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.